തലസ്ഥാന നഗരിയിലെ പൊതുജനം എന്ന കഴുതയുടെ സഞ്ചാര സ്വതന്ത്ര്യതതിലേക്ക് ഒരു എത്തിനോട്ടം

തലസ്ഥാന നഗരിയിലെ പൊതുജനം എന്ന കഴുതയുടെ
സഞ്ചാര സ്വതന്ത്ര്യതതിലേക്ക് ഒരു എത്തിനോട്ടം

ആദ്യം തന്നെ, ഇതില്‍ രാഷ്ട്രീയമില്ല. തലസ്ഥാന നഗരിയിലെ പൊതുജനം എന്ന കഴുതയുടെ സഞ്ചാര സ്വതന്ത്ര്യതതിലേക്ക് ഒരു എത്തിനോട്ടം മാത്രമാണ്.
മൂന്നു വര്‍ഷം തലസ്ഥാന നഗരിയില്‍ ജീവിച്ചതിന്റെയും ദിവസവും സെക്രട്ടേറിയേറ്റ് ന്റെ മുന്നിലൂടെ നടക്കേണ്ടി വന്നിട്ടുള്ളതതിന്റെയും അനുഭവത്തില്‍ നിന്നും കുറിക്കുന്നതാണു ഇത്.
ആദ്യം തന്നെ പലപ്പോഴും മനസ്സില്‍ തോന്നിയിട്ടുള്ളത്ാണെങ്കിലും, ഒരിക്കല്‍ പോലും പ്രതികരിക്കാന്‍ ധൈര്യമില്ലാഞ്ഞിട്ട് മനസ്സില്‍ പ്രാകി കടന്നു പോയിട്ടുള്ള ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ പ്രതികരിക്കാന്‍ ധൈര്യം കാണിച്ച ആ വീട്ടമ്മക്ക് ( വീട്ടമ്മ എന്നു മാത്രം പറയാന്‍ ആഗ്രഹിക്കുന്നു. അവരിലെ രാഷ്ട്രീയം ചികയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ) അഭിവാദ്യങ്ങള്‍. തിരുവനന്തപുരം നഗരത്തില്‍ ജീവിക്കുന്ന, ജീവിച്ചിട്ടുള്ള ഏതൊരു സാധാരണക്കാരനും പ്രതികരിക്കണം എന്നു ആഗ്രഹിച്ചിട്ടുള്ളതും എന്നാല്‍ കഴിയാത്തതുമായ ഒന്നിനെതിരെയാണ് അവര്‍ ശബ്ദമുയര്‍ത്തിയത്. ഇവിടെയാണ് എം. മുകുന്ദന്റെ വാക്കുകള്‍ പ്രസക്തമാകുന്നത്. പക്ഷേ ഒരു തിരുത്തോടു കൂടി അതു ഞാന്‍ പറഞ്ഞു വെക്കുന്നു. പ്രതിരോധ സമരത്തിനെതിരെ പ്രതികരിക്കുമ്പോള്‍ സന്ധ്യ എന്ന വീട്ടമ്മയുടെ കയ്യില്‍ സാധാരണക്കാരില്‍ നിന്നും അകന്ന് പോകുന്ന കേരളത്തിലെ തുക്കാടാസി പാര്‍ട്ടികള്‍ മുതല്‍ ജനകീയ പാര്‍ട്ടികള്‍ക് നേരെ ഉയര്‍ത്തിപ്പിടിച്ച ഒരു ചൂലുണ്ടായിരുന്നു എന്നത് വാസ്തവം തന്നെ.

ഒരിക്കലും സമരങ്ങള്‍ക്കെതിരായിട്ടുള്ള ഒരു ആശയ പ്രകടനമല്ല ഇത്. ശക്തമായ സമരങ്ങള്‍ കേരളീയ സമൂഹത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളെ കുറിച്ചു അജ്ഞ്ഞനുമല്ല. ജനത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ജനകീയ സമരങ്ങള്‍ പ്രോത്സഹിക്കപ്പെടേണ്ടതാണ്. ഇത്തരത്തിലുള്ള ശക്തമായ ജനകീയ സമരങ്ങള്‍ ഇല്ലാത്ത പക്ഷം ഭരണകൂടങ്ങളുടെ ഏകാധിപത്യം ജനജീവിതം ദുസ്സഹം ആക്കുമെന്നതില്‍ സംശയമില്ല.

പ്രതിഷേധ സമരം നടക്കുന്ന ഏതെങ്കിലും ഒരു ദിവസം അബദ്ധത്തിൽ സെക്രട്ടേറിയേറ്റിനു മുന്നിൽ വന്നു പെട്ടു പോകുന്ന ഏതെങ്കിലും ഒരാള്‍ക്ക് ഒരു വണ്ടി കിട്ടണമെങ്കില്‍ PMG, LMS, Over Bridge എന്നിവിടങ്ങളില്‍ എവിടെ വരെയെങ്കിലും നടക്കേണ്ടി വരും. അതായത് ചുരുങ്ങിയത് ഒരു കിലോ മീറ്റര്‍. ഇനി ഒരു ഓട്ടോ പിടിക്കാം എന്നു വിചാരിച്ചാല്‍ അതും വളരെ വിരളം. കിട്ടിയാല്‍ തന്നെ ഇരട്ടി കൂലി അവര്‍ കണക്കു പറഞ്ഞു വാങ്ങുകയും ചെയ്യും. സെക്രട്ടേറിയേറ്റ് ന്റെ മുന്നില്‍ നിന്നും തമ്പാനൂർ വരെ ഓട്ടോ ചാര്ജ് 25 രൂപയാണെങ്കില്‍ ചുരുങ്ങിയത് ഒരു 50 രൂപയെങ്കിലും ഓട്ടോ കാശ് വാങ്ങും എന്നതിനു ഒരു സംശയവും വേണ്ട.

പോട്ടെ, കാശ് കളയുന്നതു പൊതു ജനത്തിന്റെ ആവശ്യത്തിനു വേണ്ടിയല്ലേ എന്നു കരുതി ആരോഗ്യമുള്ളവര്‍ക്ക് നടക്കാം. എന്നാല്‍ അവിടെ അകപ്പെട്ടു പോകുന്ന പ്രായമായവരുടെയും രോഗികളുടെയും അവസ്ഥയോ ? ഇനി എന്തെങ്കിലും ഒരു അത്യാവശ്യ കാര്യത്തിനു പോകേണ്ട ഒരാളാണ് എങ്കില്‍ ഉള്ള അവസ്ഥ എന്താകും ! ഓട്ടോയും ബസ്സും മറ്റു യാതൊരു വിധ പൊതു ഗതാഗത മാര്‍ഗങ്ങളും ഇല്ലാതെ ആകെപ്പാടെ പെട്ടു പോകുന്ന ഒരു അവസ്ഥ.

തിരുവനന്തപുരം നഗരത്തിൽ ഒരോ ദിവസവും ഉണ്ടാകുന്ന ഗതാഗത കുരുക്കിന്‌ ഒരു പരിധി വരെ പാളയം തൊട്ട്‌ സ്റ്റാച്ച്യു ജംഗ്ഷൻ വരെ നടക്കുന്ന ഈ ഉപരോധ സമരങ്ങൾ കാരണമാകുന്നുണ്ട്‌ എന്നു നിസംശയം പറയാം. 

ജനജീവിതം ദുസ്സഹമാക്കുന്നതിന്റെ ഉത്തരവാദിത്വം പോലീസിന്റെ മേൽ ചുമത്തുന്ന രാഷ്ട്രീയ പാർട്ടികളുടെ സമീപനം തികച്ചും അപഹാസ്യമാണ്‌. ഭരണം മാറിവരുമ്പോൾ ഓരോതവണയും പാവയെപോലെ തുള്ളേണ്ട വരുന്ന ഒരു കൂട്ടം ആളുകളാണു പോലീസ്സുകാർ.ക്രമസമാധാനം കാത്തു പാലിക്കാൻ ചുമതലപ്പെട്ട അവർ നിസങ്കരായി നോക്കിനിന്നാലുള്ള അവസ്ത എന്താകും? (അതിനർത്ഥം ഏതു ജനകീയ സമരത്തെയും ലാത്തികൊണ്ടു നേരിടണം എന്നല്ല.) അതുകൊണ്ടുതന്നെ പ്രതിരോധം തീർക്കേണ്ടതു അവരുടെ കടമയായി മാത്രമേ കാണാൻ കഴിയൂ. കൊടിയുടെ നിറവ്യത്യാസമില്ലാതെ ഉന്നത അധികാരികളുടെ ആക്ഞ്ഞ നടപ്പാക്കാൻ അവർ ബാധ്യസ്തരാണ്‌. അതിനെതിരേ പ്രധിഷേധിക്കുന്ന വിവിധ രാഷ്ട്രീയ കക്ഷികൾ സത്യത്തിൽ മലന്നു കിടന്നു തുപ്പുകയാണു ചെയ്യുന്നത്‌. 

പലപ്പോഴും സമരങ്ങളുടെ ആവശ്യകത ചോദ്യം ചെയ്യപ്പെടുമ്പോൾ മറ്റൊരു കാര്യം ഓർക്കേണ്ടതുണ്ട്‌, പൊതുജനത്തിനു ബുദ്ധിമുട്ടാകരുത്‌ എന്നു കരുതിയെങ്കിലും ചിലപ്പോഴൊക്കെ ഭരണകൂടങ്ങൾ തങ്ങളുടെ ജന ദ്രോഹപരമായ നടപടികളെ തിരുത്താൻ നിർബന്ധിതരാകാറുണ്ട്‌. എന്നാൽ ഇന്ന് പലപ്പോഴുംഷ്ടീയ പാർട്ടികളുടെയും, സംഘടനകളുടെയും സമരങ്ങൾ സ്വലാഭത്തിനു വേണ്ടി മാത്രമാകുമ്പോൾ സത്യത്തിൽ പൊതുജനത്തിനു നേരേ അവർ കൊഞ്ഞനം കുത്തുകയാണ്‌. വാർത്താ പ്രാധാന്യം ഉള്ളതിനോടും, പണക്കാരന്റെയും, സെലിബ്രേറ്റികളുടെയും വിഷയങ്ങളിൽ മാത്രം ഇടപെടാൻ താത്പര്യം കാണിക്കുന്ന എല്ലാ രാഷ്ടീയ പാർട്ടികളും തങ്ങളെ വോട്ടുതന്നു വിജയിപ്പിച്ച സാധാരണക്കാരായ പൊതുജനത്തെ സൗകര്യപൂർവ്വ്വം മറക്കുകയാണ്‌. ചില സമരങ്ങൾ കാണുമ്പോൾ സമ്മതിദായകര്‍ വോട്ടു ചെയിത്‌ ഇവരെ തിരഞ്ഞെടുത്തു വിട്ടിരിക്കുന്നത്‌ സമരം ചെയ്യാൻ മാത്രമാണോ എന്നു തോന്നിപോവുകയാണ്‌. 

തെറ്റുകൾക്ക്‌ ചെറിയ ശിക്ഷകൾ നൽകി തിരുത്തലിലേക്കു കൊണ്ടുവരണം എന്ന തത്വം ശരിയെന്നിരിക്കലും പലപ്പോഴും കേരളത്തിൽ നടക്കുന്ന സമരങ്ങളുടെ കഥ കേൾക്കുമ്പോൾ പുച്ഛം തോന്നി പോകാറുണ്ട്‌. പത്തു കോടി അഴിമതി ആരോപണത്തിനെതിനെ ആയിരം കോടി നഷ്ടം വരുത്തുന്ന സമരങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുമ്പോൾ വാർത്താ പ്രാധാന്യം ഇല്ലാത്ത സാധാരണക്കാരന്റെ പ്രശ്നങ്ങൾക്കുനേരേ കണ്ണടച്ചുകൊണ്ട്‌ വഴിതടയലും പണിമുടക്കും നടത്തുന്നതിലെ ന്യായവാദം മനസ്സിലാകുന്നില്ല. ഈ അവസരത്തിൽ കേരളത്തിലെ മാധ്യമങ്ങൾ സൗകര്യപൂർവ്വ്വം മറന്ന ഒരു വസ്തുത ഓർമിപ്പിക്കുകയാണ്‌. പ്രവർത്തി ദിനങ്ങളുടെ എണ്ണം കുറഞ്ഞപ്പോൾ ഒരു കാലത്തു മുൻപന്തിയിൽ നിന്നിരുന്ന കേരളത്തിലെ വിദ്യാഭ്യാസ മേഖല ഭാരതത്തിലെ പതിമൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടൂ എന്നുള്ള ഗൗരവമായ , ദൂരവ്യാപകമായ ഭലങ്ങൾ ഉളവാക്കുന്ന വസ്തുത മനസ്സിലാക്കാതെ പോകരുത്‌. 

ഇനി തിരിച്ച്‌ തിരുവനന്തപുരത്തേക്ക്‌ വരാം. പൊതുജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം എന്ന മൗലിക അവകാശത്തിനു നേരേ വിരല്‍ ചൂണ്ടുന്ന ഇത്തരം സമര, പ്രതിഷേധ പ്രകടനങ്ങൾക്ക്‌ എന്തുകൊണ്ട്‌ ബദല്‍ മാർഗ്ഗങ്ങൾ അന്വേഷിച്ചുകൂടാ? 365 ദിവസവും ഈ കഷ്ടപ്പാട്‌ അനുഭവിക്കുന്ന തലസ്ഥാന നഗരിയിലെ ജനങ്ങളുടെ അവസ്ത മനുഷ്യത്ത പരമായി നോക്കി കാണേണ്ടതല്ലേ. അതിനു ഭരണ പക്ഷവും പ്രതിപക്ഷവും മറ്റുസംഘടനകളെല്ലാം ഒന്നടങ്കം മനസ്സു വച്ചാലേ സാധിക്കൂ. എം. ജി റോഡിലേ ഗതാകതം തടഞ്ഞുകോണ്ടുള്ള പ്രതിഷേധങ്ങൾക്കു പകരം അത്‌ പാളയം രക്തസാക്ഷി മണ്ഡപത്തിലോ , സമീപത്തുള്ള ചന്ദ്ര ശേഖരൻ നായർ സ്റ്റേഡിയത്തിലേക്കോ മാറ്റിയിരുന്നെങ്കിൽ പൊതുജനത്തിന്‌ എത്ര സൗകര്യ പ്രധമായിരുന്നു. സമരങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യം ഉള്ളവർക്കു പങ്കെടുക്കുകയും ചെയ്യാം. ഇനി പ്രകടനമായി കുറച്ചു ദൂരം നടന്നേ തീരൂ എങ്കിൽ സെക്രട്ടേറിയേറ്റിന്റെ പിറകുവശത്തുള്ള ഗ്രൗണ്ടിലേക്കോ മറ്റോ മാറ്റിയാലും ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാനാകും. 

ഇനി ജനത്തേ നേരിട്ടു ബുദ്ധിമുട്ടിച്ച്‌ കാണിച്ചാലേ കാര്യം നടക്കു എന്നു പറയാനാകില്ലല്ലോ കാരണം എത്ര ശ്രമിച്ചാലും കേരളത്തിലെ ആകെയുള്ള ജനസംഖ്യയുടെ 2% മാനത്തിൽ താഴെയുള്ളവർ മാത്രമാണു തിരുവനന്തപുരം നഗരത്തിൽ ജീവിക്കുന്നത്‌. ഇതു ഒരു സംസ്താന പ്രശ്നമായി വലുതാക്കി എടുക്കുന്നത്‌ മാധ്യമങ്ങളാണ്‌. എക്സ്ക്ലൂസ്സീവുകൾ ഒന്നിനു പുറകേ ഒന്നായി വേണ്ടതുകൊണ്ട്‌ ഇതും തീർച്ചയായും അവർ ന്യൂസ്സ്‌ അവറുകളിൽ ഇട്ടു ചർച്ച ചെയിതോളും. പ്രശ്നങ്ങൾക്കു ജനശ്രദ്ധ കിട്ടുകയും ചെയിതോളും. ഈ വസ്തുതകളൊക്കെ നിലനിൽക്കുന്നു എന്നിരിക്കലും പാർട്ടികൾ ഭരണ പക്ഷത്തും പ്രതിപക്ഷത്തും മാറി മാറി വരുമ്പോൾ പൊതുജനം ഇത്തിരി ബുദ്ധിമുട്ടുന്നതു നല്ലതാണ്‌ എന്ന നയമാണു എല്ലായിപ്പോഴും പാർട്ടികൾ സ്വീകരിക്കുന്നത്‌. ഇവിടെ ഒരു പഴഞ്ചൊല്ലാണു ഓർത്തുപോകുന്നത്‌, "ആങ്ങള ചത്താലും വേണ്ടീല്ല നാത്തൂന്റെ കണ്ണീരു കണ്ടേ പറ്റൂ". 

ചുരുക്കത്തിൽ ഭരണകൂട ഭീകരതക്കും കൊള്ളരുതായിമകൾക്കുമെതിരെ ശക്തമായ പ്രതിഷേധം ആവശ്യമാണ്‌. പക്ഷെ ഓരോ പ്രതിഷേധവും ആരോഗ്യപരമായിരിക്കണം എന്നു മാത്രം. ജനാതിപത്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകം തന്നെയാണ്‌ ജനകീയ സമരങ്ങൾ. എന്നിരിക്കലും ഇന്നു നടക്കുന്ന സമരങ്ങൾ ജനകീയമാണോ? അതോ രാഷ്ട്രീയ കക്ഷികളുടെ ഹിഡൻ അജണ്ടയിൽ അതിഷ്ടിതമാണോ എന്നു പ്രബുദ്ധ കേരളം ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അഖിലലോക രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ പൊതുജനത്തെ വിഢികളായി അടിമപ്പെടുത്തിയിടുന്നതിന്‌ എന്നും ഒരു പരിധിയുണ്ട്‌ എന്നു തിരിച്ചറിയാനാകും. അപ്പോഴാണ്‌ സന്ധ്യ എന്ന വീട്ടമ്മയുടെ പ്രധിഷേധ പ്രകടനം ശൂന്യമായ കൈകളുമായി ആയിരുന്നില്ല പകരം ആ പെൺകരങ്ങളിൽ അധൃശ്യമായ ഒരു ചൂലും കൂടെ ഉണ്ടായിരുന്നു എന്നു തിരിച്ചറിയാനാകുന്നത്‌.

--ഫെബിൻ

Comments