ക്രിസ്തുമസിന് ഓര്‍മിക്കാന്‍ മൂന്ന് സൂചനകള്‍

ക്രിസ്തുമസിന് ഓര്‍മിക്കാന്‍ മൂന്ന് സൂചനകള്‍
(ഫാ. ബോബി ജോസ് കപ്പൂച്ചിന്‍)

കമ്പോളം വല്ലാതെ കീഴ്‌പെടുത്തിയ ക്രിസ്മസില്‍ പാതിരാവില്‍ ശാന്തിരാത്രി തിരുരാത്രി കേള്‍ക്കുമ്പോള്‍... തിരക്കൊക്കെ കഴിഞ്ഞ് ആ പുല്‍ക്കൂടിന് മുന്‍പാകെ ഒന്ന് കണ്ണ് പൂട്ടി നില്‍ക്കുന്നത് നല്ലതാണ്. എന്തൊക്കെയായിരിക്കും ബത്‌ലഹേമിലെ ആ കുഞ്ഞിന് നമ്മുടെ വര്‍ത്തമാന കാലത്തോട് പറയാനുള്ളത്. എത്ര മേഖലകളില്‍ എന്തുമാത്രം പ്രകാശം പരത്താന്‍ കഴിയുന്ന വലിയൊരു അടയാളത്തെ ഉത്സവങ്ങളുടെ കേന്ദ്രബിന്ദുവാക്കി ചുരുക്കുന്നതു വഴി നമ്മള്‍ ചെയ്യുന്നൊരു അപരാധമാണ്. നമുക്ക് ബത്‌ലഹേമിലെ ആ കുഞ്ഞിനെ ഗൗരവമായിട്ട് എടുക്കാം. ഒത്തിരി സംഭാഷണങ്ങള്‍ ആവശ്യമുള്ള ഒരു ദിനമല്ലിത്... 

കെ പി അപ്പന്‍ എഴുതുന്നകണക്ക് യേശു ദൈവമാണെന്നുള്ളതിനെക്കുറിച്ചൊക്കെ എനിക്ക് ഇനിയും ചില സന്ദേഹങ്ങളുണ്ട്. എന്നാലും എന്നെങ്കിലും ഒരു ദിവസം ദൈവം ചരിത്രത്തിലേക്ക് വരുന്നെങ്കില്‍ ഇതുപോലെ വരണമെന്ന് ഞാന്‍ ആശിക്കുന്നു. പുല്‍ക്കൂട്ടിലെ ആ കുഞ്ഞിപൈതല്‍ നമ്മളോടു പറയുന്ന ഒത്തിരി കാര്യങ്ങളുമുണ്ട്. മൂന്ന് സൂചനകളിലൂടെ ക്രിസ്ത്മസ് സന്ദേശത്തിലേക്ക്. 

ജീവിതശൈലിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുക. ഒന്നാമതായിട്ട് കുഞ്ഞ് പിറന്ന് വീഴുന്ന ആ സാഹചര്യം. എന്തുമാത്രം പരിമതികളിലേക്കാണ് കുഞ്ഞു വന്ന് പിറന്നു വീഴുന്നത്. ജീവിക്കാനായിട്ട് ഒരാള്‍ക്ക് വളരെക്കുറച്ച് കാര്യങ്ങള്‍ മതിയെന്നുള്ളതാണ് പുല്‍ത്തൊഴുത്തില്‍ നിന്ന് നമ്മള്‍ പഠിക്കേണ്ട ആദ്യത്തെ പാഠം. യേശു മുതിര്‍ന്നപ്പോള്‍ ഇങ്ങനെ പഠിപ്പിക്കുന്നുണ്ട്. ആകാശത്തിലെ പറവകളെ നോക്കി പഠിക്കുക. നിറയെ കതിര്‍മണികളുള്ള പാടത്ത് നിന്നും അവ തങ്ങള്‍ക്ക് ആവശ്യമുള്ള ഒരു കതിര്‍മണിമാത്രമേ എടുക്കുകയുള്ളു. ഭൂമി നിറയെ കതിര്‍മണികളുള്ള പാടമാണ് സത്യമായിട്ടും എനിക്ക് ഒരു കതിര്‍മണി മാത്രം മതി. ചെറിയ കാലത്ത് കണ്ടൊരു പോസ്റ്റര്‍ ഓര്‍മ്മയുണ്ട് ഒറ്റ റോസ് കൊണ്ട് നിനക്ക് തോട്ടമുണ്ടാക്കാന്‍ പറ്റും. ആരു പറഞ്ഞു ഒരു തോട്ടം നിശ്ചയിക്കാനായിട്ട് ഒത്തിരി ആന്തൂറിയവും ഓര്‍ക്കിഡും വേണമെന്ന്! ഒരു നാലുമണികൊണ്ടും കുറ്റിമുല്ലകൊണ്ടുമൊക്കെ നിനക്ക് തോട്ടം നിര്‍മ്മിക്കാനാകും. ജീവിക്കാനായിട്ട് ഒരാള്‍ക്ക് വളരെക്കുറച്ച് കാര്യങ്ങള്‍ മാത്രം മതി... 

കൊടിയ ദാരിദ്രത്തിലും കുലീനത പുലര്‍ത്തിയ നമ്മുടെ മുന്‍ തലമുറയെ ഒന്ന് നമസ്‌കരിച്ചാലും നല്ലതാണ്...എത്ര ദാരിദ്രത്തില്‍ ജീവിക്കുമ്പോഴും തലയെടുപ്പോടുകൂടി ജീവിക്കാമെന്ന് ഈ കുഞ്ഞ് പിന്നീട് പഠിപ്പിക്കുന്നുണ്ട്... 

രണ്ടാമതായിട്ട് സമ്മര്‍ദ്ദങ്ങളില്ലാത്ത ജീവിതശൈലി. ദൈവം ചരിത്രത്തിലേക്ക് വരുന്നത് സമ്മര്‍ദ്ദം ഇല്ലാതെയാണ്. ബൈബിളില്‍ വായിച്ച് കേള്‍ക്കുന്നുണ്ട്. വലിയ കൊടുങ്കാറ്റ് വന്നു അതില്‍ ദൈവം ഇല്ലായിരുന്നു. ഇടിമിന്നല്‍ വന്നു അതിലും ദൈവം ഇല്ലായിരുന്നു പിന്നീട് ഭൂകമ്പം വന്നും ഭൂകമ്പത്തിലും ദൈവം ഇല്ലായിരുന്നു. പിന്നീട് എപ്പോഴോ ഒരിളം കാറ്റ് വീശി അതില്‍ നിന്നും വിളി മുഴങ്ങി 'പ്രവാചക'...അത്രയും സൗമ്യമായിട്ടാണ് ദൈവം വരിക...കൊടിയ സമ്മര്‍ദ്ദങ്ങളും മറ്റും അനുഭവിച്ചും കൊടുത്തുമൊക്കെ നമ്മള്‍ നമ്മുടെ ജീവിതത്തെ നരകതുല്യമാക്കുന്ന കാലമാണിത്. അധിക സമ്മര്‍ദം അനുഭവിക്കാതിരിക്കുക. ഇതാണ് ജീവിത ശൈലിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ വിചാരം. 

മൂന്നാമതായിട്ട് ശരീരത്തില്‍ വാഴുന്ന ദൈവം, ഈശ്വരന്‍. ആ പുരാതന ക്ഷേത്രത്തിന്റെ പേരായിരുന്നു ശരീരം. വേദപുസ്തക വായന അനുസരിച്ച് ദൈവം മനുഷ്യനെ സൃഷ്ടിച്ചിട്ട് അവന്റെ നാസാരന്ധ്രങ്ങളില്‍ നിശ്വസിച്ചെന്നാണ് പറയുക. ശ്വാസം എന്ന വാക്കിന്റെ അര്‍ത്ഥം പ്രസന്‍സ് എന്നാണ്. മനുഷ്യന് ചരിത്രത്തില്‍ നിശ്ചയിക്കാവുന്ന ഏറ്റവും പഴക്കമുള്ള ക്ഷേത്രമാണ് ശരീരം എന്നിട്ടും പിന്നീട് എപ്പോഴോ ശരീരത്തിലെ ക്ഷേത്രത്തെ നമ്മള്‍ മറന്നു പോയി. മനുഷ്യന്‍ ശരീരത്തില്‍ മറന്നുപോയ ദൈവത്തെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി വീണ്ടും സ്ത്രീയുടെയുള്ളില്‍ അവിടുന്ന് പിറക്കുകയാണ്...ശരീരം ഭംഗിയുള്ള കാര്യമാണ്. ഭംഗിയുള്ള ഈ കാര്യത്തെ എത്ര ഹീനമായിട്ടാണ് ഇന്നത്തെ ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത്. 

കൈകൂപ്പി കാണേണ്ട കാര്യങ്ങള്‍ എത്ര കൈവിട്ടാണ് നമ്മുടെ കാലത്ത് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ക്രിസ്തുമസ് പലതിനെയും തിരികെപിടിക്കാനുള്ള കാലമാണ്. നമ്മുടെ തന്നെ ശൈശവ നന്മയെ തിരികെ പിടിക്കാനുള്ള കാലമാണിത്. ജീവിത ശൈലിയുമായി ബന്ധപ്പെട്ട് ക്രിസ്മസിനെ വായിച്ചെടുത്തില്ലെങ്കില്‍ ഇത്തവണത്തെ ക്രിസ്മസ് വളരെ വേഗത്തില്‍ കടന്നുപോകും. ക്രിസ്തുമസ് അര്‍ത്ഥപൂര്‍ണമാകട്ടെ എന്ന് ആശംസിക്കുന്നു.

കടപ്പാട് : മനോരമ അക്ഷരനക്ഷത്രം

Comments