എന്‍ഡോ സള്‍ഫാന്‍: യുദ്ധം അവസാനിക്കുന്നില്ല


Endosulfan- The War not Ends
എന്‍ഡോ സള്‍ഫാന്‍: യുദ്ധം അവസാനിക്കുന്നില്ല
ആര്‍ വീ ജി മേനോന്‍ 

125 രാജ്യങ്ങളിലെ മന്ത്രിമാരും പ്രതിനിധികളും പങ്കെടുത്ത സ്ടോക്ക് ഹോം കണ്‍വെന്ഷന്‍ ന്റെ ജെനീവ കൊണ്ഫെരെന്സ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനിച്ചത് തീര്‍ച്ചയായും ഒരു നല്ല കാര്യമാണ്. കാസര്‍ഗോട്ടെ ഗ്രാമീണരുടെ ദുരിതങ്ങള്‍ക്ക് എന്ടോസള്‍ഫാന്‍ ആണോ ഉത്തരവാദി എന്ന്‌ ഇനിയും നിശ്ചയമില്ല, കൂടുതല്‍ പഠിക്കേണ്ടതുണ്ട് എന്നൊക്കെ പറഞ്ഞിരുന്നവര്‍ക്കുള്ള കനത്ത പ്രഹരമായി ഈ തീരുമാനം. കേരള പ്ലാന്റെഷന്‍ കോര്പരെശന്റെ കാസര്‍ഗോട്ടെ കശുമാവ് തോട്ടങ്ങളില്‍ 1978 മുതല്‍ തേയില കൊതുകുകളെ ഓടിക്കാനായി എന്ടോസള്‍ഫാന്‍ അടിച്ചിരുന്നു. സകലവിധ മുന്‍ കരുതലുകളും കാറ്റില്‍ പറത്തി, സകല നിയമങ്ങളും തെറ്റിച്ച്, സംമാന്യ ബുദ്ധിക്കു പോലും നിരക്കാത്ത രീതിയില്‍ ജനവാസകെന്ദ്രങ്ങള്‍ക്കു സമീപമാണ് അവര്‍ ഹെലികോപ്ടറില്‍ നിന്ന്‌ കീടനാശിനി തളിച്ചുപോന്നത്. സ്വാഭാവികമായും അതു കിണറുകളിലും തോടുകളിലും കുടിവെള്ളത്തിലും മണ്ണിലും വായുവിലും ഒക്കെ കലര്‍ന്നു, ക്രമേണ മനുഷ്യരിലും മൃഗങ്ങളിലും എത്തിച്ചേര്‍ന്നു കുമിഞ്ഞുകൂടി പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായി. നിരക്ഷരരായ ഗ്രാമീണര്‍ ഇത് ദൈവകോപം ആണെന്നും മറ്റും പറഞ്ഞുപരത്തിയപ്പോള്‍ ആ പ്രദേശത്തുകാരനായ ശ്രീപദ്രെ എന്ന പത്രപ്രവര്തകനാണ് ഈ ആരോഗ്യപ്രശ്നങ്ങള്‍ എന്ടോസള്‍ഫാന്‍ തളിക്കലുമായി ബന്ധപ്പെട്ടതാണ് എന്ന്‌ ആദ്യം സംശയിച്ചത്. ദീര്‍ഘകാലമായി അവിടെ ആതുര സേവനം നടത്തുന്ന വൈ എസ് മോഹന്‍ കുമാര്‍ എന്ന ഡോക്ടറാണ് ഇതിന് ഉപോദ്ബലകമായ ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിച്ചത്. മരുന്ന് തളി നടക്കുന്ന എന്മകജെ, മൂളിയാര്‍. പാദ്രെ തുടങ്ങിയ ഗ്രാമങ്ങളിലെ നാനൂറു വീടുകള്‍ സര്‍വേ ചെയ്തപ്പോള്‍ അവിടെ 126 വീടുകളിലെ 202 പേര്‍ക്ക് ഇത്തരം അസാധാരണ രോഗങ്ങളും വൈകല്യങ്ങളും ഉണ്ടെന്ന് അദ്ദേഹം കണ്ടു. ഇവ എന്ടോസള്‍ഫാന്‍ എന്ന രാസവസ്തുവിന്റെ അറിയപ്പെടുന്ന പാര്‍ശ്വഫലങ്ങള്‍ ആണെന്ന് അദ്ദേഹം മനസ്സിലാക്കി. തന്റെ കണ്ടെത്തലുകള്‍ ഡോക്ടര്‍മാരുടെ സംഘടനയുമായി അദ്ദേഹം പങ്കുവച്ചു. പക്ഷേ അവരുടെ പ്രതികരണം ഒട്ടും പ്രോത്സാഹകമായിരുന്നില്ല. തുടര്‍ന്ന് ശ്രീപദ്രേയുടെയും പ്രാദേശിക പ്രവര്‍ത്തകരായ അരവിന്ദ യടമലെ, നാഗരാജ് ബാലിഗെ തുടങ്ങിയവരുടെയും ശ്രമഫലമായാണ് പുറം ലോകം ഈ പ്രശ്നത്തെപ്പറ്റി അറിയുന്നത്. പക്ഷേ എന്നിട്ടും കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായില്ല എന്നത് കേരളസമൂഹത്തിനു കുറ്റബോധത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. ഈ സമയമത്രയും നമ്മുടെ 'സ്വന്തം' പ്ലാന്റെഷന്‍ കോര്‍പറേഷന്‍ ആ ദേശത്തെ ആരോഗ്യ പ്രശ്നങ്ങള്‍ക്കു മരുന്നുതളിയുമായി ബന്ധമൊന്നുമില്ല എന്ന്‌ തെഇല്യിക്കാനുള്ള ബദ്ധപ്പാടിലായിരുന്നു. അവര്‍ ദുരിത ബാധിതരില്‍ നിന്ന്‌ തങ്ങളുടെ രോഗാവസ്ഥയ്ക്ക് മരുന്നുതളിയുമായി ബന്ധമൊന്നുമില്ല എന്ന്‌ എഴിതി വാങ്ങാനുള്ള ക്രൂരക്രുത്യത്തിനുപോലും മുതിര്‍ന്നു. ഇതിനകം ദുരന്തത്തെപ്പറ്റി കേട്ടറിഞ്ഞ ശാസ്ത്രസാഹിത്യ പരിഷത്ത് 1994 - 97 കാലഘട്ടത്തില്‍ ആ പ്രദേശത്തു ഒരു സമഗ്ര ആരോഗ്യ സര്‍വേ നടത്തി. ഇതിന്റെ ഫലങ്ങള്‍ പിന്നീട് പലപ്പോഴും ഈ പ്രശ്നത്തിലേയ്ക്ക് ശാസ്ത്രീയ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഉതകിയിട്ടുണ്ട്‌. സീക്ക്, തണല്‍ മുതലായ മറ്റു സംഘടനകളും ആ പ്രദേശത്തുകാരുടെ ദുരിതം ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ സഹായിച്ചു. എന്നിട്ടും ആകാശ മാര്‍ഗേനയുള്ള മരുന്നുതളി അവസാനിപ്പിക്കാന്‍ പ്ലാന്റെഷന്‍ കോര്‍പറേഷന്‍ തയാറായില്ല. അതിന് ഒരു കോടതി ഉത്തരവ് തന്നെ വേണ്ടിവന്നു. അത് സംപാദിച്ചതോ, കോര്‍പരെശന്റെ തന്നെ അഗ്രികള്ച്ചരല്‍ ഓഫീസര്‍ ആയ ലീലാകുമാരിയമ്മ കൊടുത്ത കേസിലും. സ്വന്തം വീട്ടിലെ തന്നെ ഒരു അംഗത്തിന് രോഗം വന്നപ്പോഴാണ് അവര്‍ക്ക് അപകടം ബോധ്യപ്പെട്ടത്. 
ഇതിനിടെ ദല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയെന്മേന്റ്റ് എന്ന സംഘടന നടത്തിയ പഠനങ്ങളും അവര്‍ പ്രസിദ്ധീകരിച്ച ഉദ്വേഗ ജനകമായ റിപ്പോര്‍ട്ടും ആണ്‌ ഈ പ്രശ്നത്തെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നത്. അതിനെതിരെ കീടനാശിനി ലോബി ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. കാസര്‍ഗോട്ടെ ദുരന്തത്തെ കീടനാശിനിയുമായി നേരിട്ട് ബന്ധപ്പെടുത്താനുള്ള ശാസ്ത്രീയമായ തെളിവുകളൊന്നും ഇല്ലെന്നും അതിന് മറ്റു കാരണങ്ങളും ഉണ്ടായിരിക്കാംഎന്നും അവര്‍ വാദിച്ചു. അവര്‍ക്കുവേണ്ടി വാദിക്കാനും പല ശാസ്ത്രജ്ഞരെയും അവര്‍ അണിനിരത്തി. ആ സന്ദര്‍ഭത്തില്‍ ആണ്‌ 2001 -ഇല്‍ ഈ പ്രശ്നത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കാനായി ഡോക്ടര്‍ അച്യുതന്‍ അധ്യക്ഷനായി കേരള സര്‍ക്കാര്‍ ഒരു ടെക്നിക്കല്‍ കമ്മിറ്റിയെ നിയമിച്ചത്. അവരുടെ ശുപാര്‍ശ പ്രകാരമാണ് കേരളമൊട്ടുക്കും എന്ടോസള്‍ഫാന്‍ നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ തയാറായത്. ഇന്ത്യന്‍ നിയമം അനുസരിച്ച് കീടനാശിനികളുടെ സ്ഥിരമായ നിരോധനത്തിന് കേന്ദ്ര സര്‍ക്കാരിന് മാത്രമേ അധികാരമുള്ളൂ. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം National Institute for Occupational Health എന്ന കേന്ദ്ര സ്ഥാപനം ഇതെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് ഒരു പഠനം നടത്തുകയുണ്ടായി. അവരുടെ പഠനവും കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തുവാന്‍ പര്യാപ്തമായില്ല. എന്നുതന്നെയല്ല, അതിലെ കണ്ടെത്തലുകളെ അപകീര്‍ത്തിപ്പെടുത്താനായി ഡോക്ടര്‍ ഓ. പി. ദുബെ അധ്യക്ഷനായി മറ്റൊരു കമ്മിറ്റിയെ കേന്ദ്ര കൃഷി മന്ത്രാലയം നിയോഗിക്കുകയും ചെയ്തു. ആ കമ്മിറ്റിയില്‍ കീടനാശിനി ലോബിയുടെ വക്താക്കല്‍ക്കായിരുന്നു മുന്‍കൈ. പിന്നീട് ഇവരെഴുതിക്കൊടുത്ത കപട റിപ്പോര്‍ട്ടും പോക്കിപ്പിടിച്ചുകൊണ്ടാണ് എന്‍ഡോ സള്‍ഫാന്‍ നിരോധിക്കേണ്ട ആവശ്യമില്ല എന്ന്‌ കേന്ദ്ര കൃഷി മന്ത്രാലയം വാദിച്ചു പോന്നിട്ടുള്ളത്. 
ഈ നിലപാടിനെതിരെയാണ് കേരളത്തില്‍ വ്യാപകമായ പ്രതിഷേധം ഉണ്ടായതും, ഒടുവില്‍ കേന്ദ്രം ഭരിക്കുന്ന കഷികള്‍ക്ക് പോലും അതിനെ അനുകൂലിക്കേണ്ടിവന്നതും. 
ഇപ്പോള്‍ സ്റോക്ക് ഹോം കണ്‍വെന്ഷന്‍ ആഗോള വ്യാപകമായി എന്ടോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനിച്ചതോടെ കേരളത്തിന്റെ പ്രതിഷേധം വിജയം കണ്ടു എന്ന്‌ ആശ്വസിക്കാം.

സ്വാഭാവികമായും "ഇനിയെന്ത്?" എന്ന ചോദ്യമാണ് ഉയരുന്നത്. 
പ്രഥമവും പ്രധാനവും ആയ കാര്യം ദുരന്തബാധിതരുടെ ചികിത്സയും പുനരധിവാസവും ആണ്‌. ചില നടപടികള്‍ ഒക്കെ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് തീരെ അപര്യാപ്തമാണ്. തീര്‍ത്തും അശാസ്ത്രീയവും നിയമവിരുദ്ധവും ആയ രീതിയില്‍ ഈ മാരകവിഷം ഹെലികോപ്ടറില്‍ തളിച്ചത്‌ ഒരു സര്‍ക്കാര്‍ സ്ഥാപനമായ പ്ലാന്റെഷന്‍ കോര്‍പറേഷന്‍ ആണ്‌ എന്നത് കൊണ്ട് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണം. സ്വാഭാവികമായി വരാവുന്ന ഒരു പ്രശ്നം അവിടെ കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഏതൊക്കെയാണ് എന്‍ഡോ സള്‍ഫാന്‍ മുഖേനയുള്ളത് ഏതൊക്കെയാണ് അല്ലാതുള്ളത് എന്ന്‌ വേര്‍ തിരിച്ചു പറയാന്‍ വിഷമമാണ് എന്നതാണ്. അവിടെ മനുഷ്യത്വപരമായ സമീപനം എടുത്തെ പറ്റൂ. ആ പ്രദേശത്തെ അര്‍ഹരായ എല്ലാപേര്‍ക്കും ചികിത്സയും പുനരധിവാസവും കൊടുക്കണം. 

രണ്ടാമത്തെ പ്രശ്നം നിരോധനം എങ്ങനെ നടപ്പാക്കാം എന്നതാണ്. വാസ്തവത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തില്‍ എന്ടോസള്‍ഫാന്‍ നിരോധിതം ആണ്‌. പക്ഷേ ആ നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്നാണ് പത്ര വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും മറ്റും മറ്റു പല പേരുകളിലും പെരില്ലാതെയും അതിവിടെ എത്തുന്നുണ്ട്. കര്‍ഷകര്‍ അത് അന്വേഷിച്ചു കണ്ടുപിടിച്ചു വാങ്ങി ഉപയോഗിക്കുന്നുമുണ്ട്. ഉത്കണ്ടാ ജനകമായ വസ്തുത കാര്‍ഷിക വിദഗ്ധര്‍ നിര്ടെശിക്കാത്ത പല വിളകള്‍ക്കും എന്ടോസള്‍ഫാന്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നു എന്നതാണ്. ഇക്കാര്യത്തില്‍ കീടനാശിനി വില്പനക്കാരെയാണ് കര്‍ഷകര്‍ക്ക് കൂടുതല്‍ വിശ്വാസം എന്ന്‌ തോന്നുന്നു. ഇത് വളരെ അപകടകരമായ ഒരു അവസ്ഥയാണ്. ഇതിനെതിരെ പ്രചരണം ആവശ്യമാണ്‌. 
വാസ്തവത്തില്‍ എന്ടോസള്‍ഫാന്‍ മാത്രമല്ല പ്രശ്നം. ഒട്ടു മിക്ക കീടനാശിനികളും വളരെ അശാസ്ത്രീയമായി ആണ്‌ നാം ഉപയോഗിക്കുന്നത്. അനാവശ്യമായും, അസമയത്തും, അളവില്‍ കൂടുതലായും, തെറ്റായും നാം കീടനാശിനികള്‍ ഉപയോഗിക്കുന്നു. കീടബാധ ഉണ്ടാകുന്നതിനു മുന്‍പ് തന്നെ ഒരു മുന്‍കരുതല്‍ എന്നനിലയില്‍, അല്ലെങ്കില്‍, കീടബാധ നിശ്ചിത രൂക്ഷത കൈവരിക്കുന്നത്നു മുന്‍പ്, അല്ലെങ്കില്‍ വിളവെടുപ്പിനു തൊട്ടു മുന്‍പ്, അല്ലെങ്കില്‍ ചന്തയിലേക്ക് സാധനം കൊണ്ടുപോകുന്നതിന് മുന്‍പ് ഒക്കെ പലപ്പോഴും കീടനാശിനി പ്രയോഗിക്കാറുണ്ട്. ഇതൊക്കെ അശാസ്ത്രീയവും അപകടകരവും ആണ്‌. ഇതിനെതിരെ കര്‍ഷകരെ ബോധവത്കരിക്കുകയും അവര്‍ക്ക് ശരിയായ മാര്‍ഗ നിര്‍ദേശം നല്‍കുകയും വേണം. ശരിക്ക് പറഞ്ഞാല്‍ നാം മരുന്നിനു വേണ്ടി ഡോക്ടറുടെ കുറിപ്പടിയെ ആശ്രയിക്കുന്നത് പോലെ കൃഷി ഓഫീസറുടെ കുറിപ്പടി ഉണ്ടെങ്കിലെ കീടനാശിനി വില്‍ക്കാവൂ എന്ന അവസ്ഥ വരണം. കീടനാഷിനിക്ക് കൃഷിക്കാര്‍ "മരുന്ന്" എന്നാണല്ലോ പറയുന്നത്. അപ്പോള്‍ മരുന്ന് കൈകാര്യം ചെയ്യുന്നത് പോലെ ശ്രദ്ധയും കരുതലും ചേര്‍ന്നു വേണം കീടനാശിനിയും കൈകാര്യം ചെയ്യാന്‍. 
കീടനാശിനി അടിക്കുന്നവര്‍ക്കും പരിശീലനം കൊടുക്കേണ്ടതുണ്ട്. ഇപ്പോള്‍ ഒട്ടും പരിശീലനം ഇല്ലാത്ത, പലപ്പോഴും നിരക്ഷരരായ പണിക്കാരാണ് അത് ചെയ്യുന്നത്. അവര്‍ക്ക് കീടനാശിനി കൂടിന്റെ പുറത്ത് എഴുതിയിരിക്കുന്നത് വായിച്ചു മനസ്സിലാക്കാന്‍ കഴിയണമെന്നില്ല. കൈയ്യുറ, മുഖം മൂടി മുതലായ സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത അവര്‍ക്കറിയില്ല. പൊതുവേ അതിനോടൊക്കെ ഒരു പുച്ഹം ആണ്‌ നമുക്കൊക്കെ. (ഹെല്‍മെറ്റ്‌ നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ ആണല്ലോ നാമെല്ലാം!) വിദേശത്തൊക്കെ ഇത്തരം സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തില്‍ വളരെ നിഷ്കര്‍ഷ ആണ്‌ പൊതുവേയുള്ളത്. (അല്ലെങ്കില്‍ നഷ്ടപരിഹാരം കൊടുത്തു മുടിയും.) 
ഇതോടൊപ്പം തന്നെ രാസ കീടനാശിനികളുടെ ഉപയോഗം ഒഴിവാക്കാനുള്ള മാര്‍ഗങ്ങളും കൂടുതല്‍ അടിയന്തിരമായി പരിശോധിക്കപ്പെടെണ്ടതുണ്ട്. സംയോജിത കീട നിയന്ത്രണം (Integrated Pest Management) ജൈവ കീട നിയന്ത്രണം മുതലായ രീതികളില്‍ അടിയന്തിരമായ ഗവേഷണം നടക്കുകയും അവയുടെ ഫലങ്ങള്‍ കര്‍ഷകരില്‍ എത്തിക്കുകയും വേണം.

Comments